
കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. അതത് ജില്ലകളിലെ ജില്ലാ കളക്ടർമാരാണ് ഉത്തരവിറക്കിയത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, മതപഠന കേന്ദ്രങ്ങൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കെല്ലാം അവധി ബാധകമായിരിക്കും.
അതേസമയം, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്‌സിറ്റി പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും മാറ്റമുണ്ടാകില്ല. അവ നിശ്ചയിച്ച സമയക്രമം അനുസരിച്ച് തന്നെ നടക്കുമെന്ന് അധികൃതർ അറിയിച്ചു. റെസിഡൻഷ്യൽ സ്‌കൂളുകൾക്കും റെസിഡൻഷ്യൽ കോളേജുകൾക്കും ഈ അവധി ബാധകമല്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ ബുധനാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ബുധനാഴ്ചയും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലയിൽ വ്യാഴാഴ്ചയും മഞ്ഞ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.










